Pages

2017, ഏപ്രിൽ 15, ശനിയാഴ്‌ച

വറുത്തരച്ച കോഴിക്കറി

ചേരുവകള്‍


  • കോഴിയിറച്ചി (കഷണങ്ങളാക്കിയത്)– ഒരു കിലോ
  • തേങ്ങ ചിരവിയത് – രണ്ട് കപ്പ്
  • തക്കാളി– രണ്ട് എണ്ണം
  • പച്ചമുളക്– നാല് എണ്ണം
  • മഞ്ഞള്‍പൊടി– മുക്കാല്‍ ടീസ്പൂണ്‍
  • മല്ലിപ്പൊടി– നാല് ടേബിള്‍സ്പൂണ്‍
  • മുളകുപൊടി – നാല് ടേബിള്‍സ്പൂണ്‍
  • ഇഞ്ചി– സാമാന്യം വലിയ കഷണം
  • വെളുത്തുള്ളി– എട്ട് അല്ലി
  • ചെറിയ ഉള്ളി– അഞ്ച് എണ്ണം
  • എണ്ണ– മൂന്നര ടേബിള്‍സ്പൂണ്‍
  • കറിവേപ്പില– മൂന്ന് തണ്ട്
  • കടുക് – ഒരു ടീസ്പൂണ്‍
  • ഉപ്പ്– ആവശ്യത്തിന്.   

തയാറാക്കുന്ന വിധം

കോഴിയിറച്ചി കഷണങ്ങളാക്കിയതു നന്നായി കഴുകി വെള്ളം വാര്‍ത്തുവയ്ക്കുക. പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, തക്കാളി എന്നിവ ചെറുതായി അരിയുക. ചിരവിയ തേങ്ങ മിക്‌സിയിലിട്ട് ചെറുതായി ഒതുക്കുക (വെള്ളം ചേര്‍ക്കാതെ). നോണ്‍സ്റ്റിക് പാനില്‍ അര ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് മിക്‌സിയില്‍ ഒതുക്കിയെടുത്ത തേങ്ങയും അഞ്ച് ചെറിയ ഉള്ളിയും ഒരു ഇതള്‍ കറിവേപ്പിലയും ചേര്‍ത്ത് വറുക്കുക. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കേണ്ടതാണ്. 

ചൂടാറുമ്പോള്‍, വെള്ളം തളിച്ച് മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ചട്ടിയില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില (ഒരു ഇതള്‍), ചെറിയ ഉള്ളി എന്നിവ വഴറ്റുക. ഇതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവയും ചേര്‍ത്ത് ഇളക്കുക. 

ഒരു മിനിറ്റ് കഴിയുമ്പോള്‍ തക്കാളി ചേര്‍ത്ത് അല്‍പനേരം ഇളക്കുക. അതിനുശേഷം വൃത്തിയാക്കിവച്ച കോഴിയിറച്ചിയും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. നാല്–അഞ്ച് മിനിറ്റ് ഇളക്കുക. ചട്ടി അടച്ചുവച്ച് ചെറുതീയില്‍ വേവിക്കുക. വെന്തു കഴിയുമ്പോള്‍ വറുത്തരച്ച തേങ്ങ വെള്ളത്തില്‍ കലക്കിച്ചേര്‍ക്കുക. തിളയ്ക്കുമ്പോള്‍ തീയണച്ച് കടുക് പൊട്ടിച്ച് കറിവേപ്പിലയും ഉള്ളിയും മൂപ്പിച്ചു ചേര്‍ക്കാം.