Pages

2011 ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

അവൽ ഇഡ്ഡലി...

അവൽ ഇഡ്ഡലി...


എന്റടുക്കളയിൽ ഏറ്റോം ഏളുപ്പത്തിൽ എടുക്കാവുന്ന പരുവത്തിൽ വച്ചിരിക്കുന്ന രണ്ട് പാട്ടകളുണ്ട്. ഒന്ന് ഓട്സിന്റേം പിന്നൊന്ന് അവലിന്റേം. എന്തുണ്ടാക്കണമെന്ന് ഒരു തരി പോലും ഐഡിയ ഇല്ലാതെ നിൽക്കുകയാണെങ്കിൽ ഇതിൽ രണ്ടിലും ഏതെങ്കിലും ഒന്നിൽ നിന്ന് ഒരു പിടി വാരി ബൌളിലേക്കിടും. പിന്നെ അതിന്റെ മോളിലേക്കൊരു താജ്മഹൽ പണിയാനും മാത്രം ഐഡിയകൾ ഓടോമാറ്റിക്കായി വന്നോളും‌ന്നുറപ്പ്. അങ്ങനുണ്ടായ ഒരു കൊച്ചു താജ്‌മഹലാണ് ഇന്നത്തെ പം‌ക്തിയിൽ.അവൽ ഒരു പിടി വാരി ബൌളിലെക്കിട്ടു. ഒരു കുഞ്ഞു സവാളയും പച്ചമുളകും ഇത്തിരി ഇഞ്ചിയും കുനുകുനാ അരിഞ്ഞ്  ചേർ‌ത്തു. കൂടെ രണ്ടു സ്പൂൺ റവയും. എന്നിട്ട് ഇത്തിരി വെള്ളവും ഉപ്പും ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്തു. അവൽ നന്നായി കുഴഞ്ഞോളും. അപ്പോ അതിൽ എന്തേലുമൊക്കെ പച്ചക്കറികൾ വെട്ടിയരിഞ്ഞിടാൻ തോന്നി. ഫ്രിഡ്‌ജിൽ തപ്പീപ്പോ നോ രക്ഷ. ഒറ്റ പച്ചക്കറി പോലുമില്ല. (നമ്മളെന്തേലും വാങ്ങിച്ചു വച്ചാലല്ലേ ഫ്രിഡ്ജ് തുറക്കുമ്പോ വല്ലോം കിട്ടൂ, അല്ലാണ്ട്  അതിന്റകത്ത് സ്വന്തമായി കൃഷിയൊന്നുമില്ലല്ലോ :-( ) . ഹ്ം അതെന്തേലുമാവട്ടെ. ഒന്നൂടെ ആഞ്ഞു തപ്പീപ്പോ ഇന്നലത്തെ പച്ചപ്പയർ മെഴുക്കുപെരട്ടീടെ ബാക്കി കുറച്ചിരിക്കുന്നു. പിന്നെന്ത് നോക്കാൻ. അതും കൂടി എടുത്ത് മോളിൽത്തെ കൂട്ടിലേക്കിട്ട് ഇളക്കി യോജിപ്പിച്ചു. എന്നിട്ട് ഒരു കുഞ്ഞു മൈക്രോവേവ് ബൌളിൽ കുത്തിനിറച്ച് 5 മിനിട്ടു നേരം ഫുൾ പവറിൽ വച്ചെടുത്തു. അതിനെ എടുത്ത് ഒരു പ്ലേറ്റിലെക്ക് മറിച്ചിട്ടപ്പം അതാ ഒരു അവൽ ഇഡ്ഡലി പുഞ്ചിരി തൂകിക്കൊണ്ടു ജിൽ ജില്ലെന്ന് നിൽ‌ക്കുന്നു!!!
(Source)