Pages

2011 ഓഗസ്റ്റ് 2, ചൊവ്വാഴ്ച

ഫ്യൂഷൻ മുദ്ദെ + തക്കാളി ചട്നി



കർണാടകേൽ കയറിപ്പറ്റി പച്ചരിക്കു കാശുണ്ടാക്കുന്നവർക്കു നല്ലോണം പരിചയമുള്ള സംഭവമാവും റാഗി മുദ്ദേ. ഞാൻ ലോ ലതിനെ ഞങ്ങ കൃസ്ത്യാനികളുടെ പുന്നാരപ്പലഹാരമായ ‘പിടി’ യുമായി മിക്സ് ചെയ്ത് ഒരു പിടി പിടിക്കാൻ നോക്കീതാണ് ഈ ഫ്യൂഷൻ മുദ്ദെ. സംഭവം സിം‌പിളാണ്. റാഗിപ്പൊടീം ഉപ്പും ശകലം ജീരകവും തേങ്ങ ചിരണ്ടാൻ മടിയില്ലേൽ ഇത്തിരി തേങ്ങയും നന്നായി മിക്സ് ചെയ്യുക. ഞാൻ ഇതിന്റകത്തേക്ക് കുറച്ച് ഓട്സ് തവിടും കൂടെ ചേർ‌ത്തു കേട്ടോ. എന്നിട്ട് അടുപ്പത്ത് ഒരു പാത്രത്തിൽ കുറച്ച് വെള്ളം വച്ചു (റാഗിപ്പൊടീടെ അത്രേം അളവ് വെള്ളം മതി കേട്ടോ..അല്ലാതെ കളറും ചേർ‌ത്ത് പീച്ചാംകുഴലിലെടുത്ത് ഹോളി കളിക്കാനുള്ള പരുവത്തിലാക്കരുത് ) നന്നായി തിളച്ചു കഴിയുമ്പോൾ അതിലെക്ക് മോളിൽത്തെ മിക്സ് ശകലം ശകലം ചേർ‌ത്ത് നന്നായി ഇളക്കി വറ്റിക്കുക. (ഇത് നല്ലോണം സമയമുള്ള ആൾ‌ക്കാർക്ക്. എന്നെപോലുള്ളവരാണെങ്കിൽ എല്ലാം കൂടെ ഒനു മിക്സ് ചെയ്ത് ചെറുതീയിൽ വച്ച് വല്ല വഴിക്കും പോയി ഇടയ്ക്ക് വന്ന് ഒന്ന് ഇളക്കിക്കൊടുത്താൽ മതി). ഓക്കെ. എങ്ങനായാലും കുറച്ചു കഴിയുമ്പോൾ വെള്ളമൊക്കെ വറ്റി ഏതാണ്ട് കൊഴുക്കട്ടേടെ മാവിന്റെ കോലത്തിലുള്ള ഒരു മിക്സ് കിട്ടും. അതിനെ കുഞ്ഞു കുഞ്ഞു ഉരുളകളാക്കി ഉരുണ്ടു വീഴാത്ത ഏതേലും പ്രതലത്തിൽ വെയ്ക്കുക.(ഈ പ്രൊസസ്സിൽ നമ്മടെ കൈപൊള്ളാതിരിക്കാൻ വേറെ ആരെക്കൊണ്ടെങ്കിലും ഉരുള ഉരുട്ടിപ്പിച്ചാൽ മതി )

ചട്നിക്ക് ഒരു മുഴുത്ത സവാളേം ഒന്നുരണ്ടു തക്കാളീം ഇഞ്ചീം പച്ചമുളകും വെളുത്തുള്ളീം കറിവേപ്പിലേം ഉപ്പും ഇത്തിരി എണ്ണയൊഴിച്ച് ഒന്നു മൂപ്പിച്ച് എടുത്ത് മിക്സീടെ കിഡ്ഡീസ് ജാറിലേക്കിട്ട് അടിച്ചു ചമ്മന്തിയാക്കുക.ഇനിയെന്താ. ഒന്നാമത്തെ പാരഗ്രാഫിലെ മുദ്ദെ എടുത്ത് രണ്ടാമത്തെ പാരഗ്രാഫിലെ മിക്സീലിരിക്കുന്ന ചട്നീലു മുക്കി ശാപ്പിടുക. പ്ലേറ്റു കഴുകാൻ മെയ്‌ഡ് ഒക്കെ ഉള്ളവരാണെങ്കിൽ ഇതെല്ലാം കൂടി പ്ലേറ്റിലെടുത്തു വച്ചും തിന്നാം.അതൊക്കെ നിങ്ങടെ ഇഷ്ടം.പക്ഷെ എങ്ങനെ കഴിച്ചാലും മുദ്ദെ ശകലം പല്ലേൽ ഒട്ടുകേം ചെയ്യും ചട്‌നീടെ എരിവു കാരണം കണ്ണിലൂടെ തീ പറക്കുകേം ചെയ്യും. ബീ പ്രിപയേഡ്.